ന്യൂഡൽഹി: പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കുമിടയിൽ വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന് ഗ്രാമീണ്‍ (വിബി-ജി-റാം ജി) പദ്ധതി ഇന്നു മുതൽ നടപ്പിലാകും. നിലവിലെ 100 ദിനത്തിൽനിന്നു 125 ദിവസത്തെ തൊഴിൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും 40 ശതമാനം സംസ്ഥാന വിഹിതം, 60 തൊഴിലില്ലാദിനങ്ങൾ തുടങ്ങി നിരവധി ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയാണെങ്കിലും സംസ്ഥാനങ്ങൾ വലിയൊരു ഭാഗം സാമ്പത്തിക പങ്കാളിത്തം വഹിക്കേണ്ടിവരും.
ആശങ്കകൾക്കിടയിലും കേരളത്തിലും പദ്ധതി വിജ്ഞാപനം ചെയ്തിട്ടുണ്ട്. നിലവിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എംജിഎൻആർഇജിഎസ്) നിന്ന് പുതിയ പദ്ധതിയിലേക്കുള്ള സോഫ്റ്റ്വെയർ മാറ്റം അടക്കം സംസ്ഥാനത്ത് ആരംഭിച്ചു. എംജിഎൻആർഇജിഎസിന് കീഴിലുള്ള എല്ലാവരെയും പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തും. പുതുക്കിയ ബജറ്റിൽ 1422.66 കോടി രൂപയാണ് പദ്ധതിക്കായി സംസ്ഥാന സർക്കാർ നീക്കിവച്ചിരിക്കുന്നത്.
3136.44 കോടി രൂപയാണ് പദ്ധതിക്കായി കേരളത്തിന് ലഭിക്കുന്ന കേന്ദ്രവിഹിതം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പദ്ധതി വിഹിതം 60:40 എന്ന അനുപാതത്തിൽ വീതിക്കുമ്പോൾ കേരളം 2090.96 കോടി രൂപ പ്രതിവർഷം പദ്ധതിക്കായി നീക്കിവയ്ക്കേണ്ടിവരും.
അതേസമയം പദ്ധതി നടപ്പാക്കുന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഭരിക്കുന്ന ബിഹാർ, മധ്യപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇതിനോടകം പ്രതിഷേധം അറിയിച്ചു.
പുതിയ പദ്ധതിക്കു കീഴിൽ ചെയ്യാവുന്ന 318 ജോലികൾ ഉൾപ്പെട്ട കരട് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കൈമാറിയിട്ടുണ്ട്. പദ്ധതി പ്രകാരം സ്വകാര്യവ്യക്തികളുടേതടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികൾ അനുവദിക്കില്ല. ജലസംരക്ഷണ പ്രവർത്തങ്ങൾ മാത്രമേ ചെയ്യാനാകൂ. എന്നാൽ, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴിൽ പണികഴിപ്പിക്കുന്ന സ്വകാര്യ വ്യക്തികളുടെ വീട് നിർമാണം അടക്കമുള്ള ജോലികൾക്ക് അനുമതിയുണ്ട്.